ഒരു കാര്യം തുടങ്ങി വെച്ചാല്‍ മുഴുമിപ്പിക്കുക എന്നത് എന്റെ ജീവിതത്തില്‍ വളരെ ചുരുക്കമാണ്. ഈ ബ്ലോഗിന്റെ കാര്യത്തിലും ഏകദേശം എനിക്ക് അങ്ങനെയാണ് തോന്നുന്നത്.
ജീവിതം സുഖമായിട്ടു പോകുന്നു. ഒരു ചെറിയ നിരാശാ കാമുകന്റെ വേഷം ഇടയ്ക്കു ഒന്ന് അണിഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ അവസ്ഥ... എങ്കിലും കുറച്ചൊക്കെ മാറി വരുന്നു എന്ന് തോന്നുന്നു.. അതിനു എന്റെ ചേച്ചിയാണ് ഏറെയും സഹായിച്ചിട്ടുള്ളത്. പിന്നെ എന്റെ കുറെ നല്ല ഓണ്‍ലൈന്‍ സുഹൃത്തുക്കളും.
പ്രണയം - എന്നും ആ വാക്കിനോട് പോലും ഒരു പ്രണയം ആയിരുന്നു എനിക്ക്. കാരണം എന്തെന്ന് ചോദിച്ചാല്‍ ആ ഒരു അനുഭവം എന്നും എനിക്ക് അന്യമായിരുന്നു. മരുപ്പച്ച കണ്ട ഒരു പ്രതീതി ആയിരുന്നു എന്നിലെ പ്രണയത്തിനു. അതിലേക്കു ഇറങ്ങി ചെന്ന് അതിന്റെ മനോഹാരിത ആസ്വദിക്കാം എന്ന് വിചാരിച്ചപ്പോള്‍ ആണ് ആ കദന സത്യം ഞാന്‍ മനസ്സിലാക്കിയത്. ആ നക്ഷത്രം ഒരിക്കലും എനിക്ക് വേണ്ടി പൊഴിയില്ല എന്നാ സത്യം.
പിന്നെ ഞാന്‍ എന്നെ തന്നെ ഒന്ന് അവലോകനം ചെയ്തു നോക്കിയപ്പോളാണ് ഞാന്‍ ഒരു വട്ട പൂജ്യം ആണെന്ന് അറിഞ്ഞത്. തിരിഞ്ഞു നോക്കുമ്പോള്‍ ജനാലയ്ക്കു പിന്നില്‍ പിടയുന്ന ഒരു ഹൃദയം സ്വന്തമായി ഇല്ലാത്തവന്‍; തുലാ വര്‍ഷത്തിനിടയില്‍ അരികത്തിരുന്നു കിന്നാരം ചൊല്ലാന്‍ ഒരു കൂട്ടില്ലാത്തവന്‍; ജീവിത തിരക്കിനിടയില്‍ ഒരു സാന്ത്വന സ്പര്‍ശമായി ഒരു തലോടലിനു അര്‍ഹന്‍ അല്ലാത്തവന്‍; അങ്ങനെയുള്ള ഞാന്‍ എങ്ങനെ ഒരു പ്രണയത്തില്‍ വിജയിക്കും. ഇതൊക്കെ സത്യമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും എവിടെ നിന്നോ ഒരു കുയില്‍ നാദം കേള്‍ക്കുമ്പോള്‍; ഒരു മയില്‍പീലി കാണുമ്പോള്‍; ഒരു മഞ്ഞാടിക്കുരു കാണുമ്പോള്‍ വീണ്ടും മനസ്സില്‍ ഉദിക്കുകയാണ് ഒരു ആഗ്രഹം - എങ്കിലും ആ ചെമ്പനീര്‍പൂവ് എനിക്കായി ഒരുനാള്‍ വിരിയില്ലേ എന്ന്...