Sunday, December 13, 2009

13-12-2009

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഡയറി താളുകളിലേക്ക് കറുത്ത അക്ഷരങ്ങളാല്‍ കോരി വരയ്ക്കുന്നു..

കല്യാണങ്ങളുടെ ദിവസം ആയിരുന്നു ഇന്ന്. നാല് കല്യാണത്തിന് ക്ഷണനം ഉണ്ടായിരുന്നു. കുടുംബത്തെ 4 ആക്കി തിരിച്ചു ഓരോരുത്തരെയായി ഓരോ കല്യാണത്തിന് വിട്ടു. അങ്ങനെ എനിക്ക് നറുക്ക് വീണത്‌ ബുധനൂര്‍ എന്ന സ്ഥലത്തുവെച്ചു നടക്കുന്ന ഒരു കല്യാനതിനായിരുന്നു. നമ്മുടെ ഓഫീസില്‍ വര്‍ക്ക്‌ ചെയ്ത ഒരു ചേട്ടന്റെ അനിയന്റെയായിരുന്നു അത്. ഇന്ന് സ്കോര്‍പിയോയിലാണ്ബുധനൂര്‍ക്ക് പോയത്.

അതില്‍ കയറിയപ്പോള്‍ എന്നെ ഒരു ഉദ്ദേശം 6 വര്‍ഷം പിന്നിലേക്ക്‌ എന്റെ മനസ്സിനെ കൊണ്ട് പോയി. അന്നാണ് ഞാന്‍ ആദ്യമായി ആ വണ്ടിയില്‍ കയറുന്നത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു ആ സംഭവം. യാത്ര ഹിമാലയത്തിന്റെ താഴ്വരയിലുള്ള ഹരിദ്വാരത്തിലെക്കും ഹൃഷികെശിലെക്കും. അന്നത്തെ ആ യാത്ര എന്നും മനസ്സില്‍ ഓര്‍ത്തു നില്‍ക്കുന്ന ഒന്നായിരുന്നു.

ആ കഥ അടുത്ത താളില്‍ പറയുന്നതാണ്.. ഇന്ന് നേരത്തെ ഉറങ്ങണം...

വിട....

"ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായി നിനക്കായി
സുഗന്ധം പരത്തുന്നതായി നിനക്കായി
പറയു ... നീ പറയു ........."

Friday, December 11, 2009

11-12-2009

അങ്ങനെ വീണ്ടും ഒരു ദിവസം കൂടി വന്നു പോയി. പനിചൂടില്‍ ഒരു ദിവസം കൂടി. നല്ല ചൂടും ഒക്കെയായിട്ട്‌ ആകെ വയ്യ. അത് കൊണ്ട് ഇന്ന് ഓഫീസില്‍ പോകാതെ മുങ്ങി വീട്ടില്‍ ഇരിപ്പായിരുന്നു.

പ്രത്യേകിച്ച് ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത ഒരു ദിവസമായിരുന്നു ഇന്ന്. വെറുതെ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.
ഇന്ന് പിന്നെ കുറെ ഒക്കെ ബോര്‍ അടിക്കാതിരുന്നത് മെലവിന്റെ ഹാര്‍ഡ് ഡിസ്ക് കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. ഒരു 350 GB ഫിലിം കളക്ഷന്‍ ഉണ്ട് അതിനകത്ത്. പണ്ടാരമടങ്ങാന്‍ എല്ലാം ഒന്നും കണ്ടു കഴിഞ്ഞിട്ടില്ല ഇത് വരെയായിട്ടും. പേര് പോലും ശെരിക്കു മുഴുവനും വായിച്ചു കഴിഞ്ഞിട്ടില്ല. ഇന്ന് പിന്നെ അങ്ങനെ ഒന്ന് രണ്ടു പടം കണ്ടു. വേറെ പണി ഒന്നുമില്ലല്ലോ.

പിന്നെ ഒത്തിരി പാട്ട് കേട്ടു. മനസ്സിന് ഇഷ്ടപ്പെട്ട കുറെ മെലഡികള്‍. സത്യം പറഞ്ഞാല്‍ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ സ്വയം മറന്നു ഇരുന്നു പോകും. നമ്മള്‍ പോലും അറിയാതെ എവിടെക്കൊക്കെയോ പറന്നു പോകുന്ന ഒരു അനുഭൂതി അത് തരുന്നു.

സത്യം പറയട്ടെ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ നമ്മള്‍ അറിയാതെ പൊടിയുന്നത് കാണാം. അത് ചിലപ്പോള്‍ മനസ്സിലെ വിഷമം കൊണ്ടാകാം അതുമല്ലെങ്കില്‍ മനസ്സില്‍ ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച ആ പ്രണയത്തിന്റെ തീവ്രത കൊണ്ടാകാം. ഇന്ന് ഞാന്‍ കേട്ട ചില പാട്ടുകള്‍ ഒന്ന് കൂട്ടി ചേര്‍ക്കാം ഇവിടെ അല്ലെ..

1. ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.. (സിനിമ : സ്ഥിതി)
2. ഒരു രാത്രി കൂടി വിട വാങ്ങവേ (സിനിമ : സമ്മര്‍ ഇന്‍ ബെത്ലെഹേം)
3. പുലരുമോ.. (സിനിമ : ഋതു)

അങ്ങനെ കുറെ പാട്ടുകള്‍ കേട്ടു. ചില സമയത്ത് തോന്നാറുണ്ട് മലയാളത്തില്‍ ഉള്ള അത്രയും നല്ല പാട്ടുകള്‍ മടൂര് ഭാഷയിലും ഇല്ല എന്ന്. അത്രയ്ക്ക് നല്ല ഒരു കവി പാരമ്പര്യം ആണല്ലോ നമുക്കുള്ളത്. വയലാര്‍, ഓ എന്‍ വി, പി.ഭാസ്കരന്‍ അങ്ങനെ എത്രയോ നല്ല കവികളുടെയും ബാബുരാജിനെയും ദേവരാജന്‍ മാഷിനെയും പോലെ ഉള്ള പ്രതിഭാധനരായ സംഗീത സംവിധായകരുടെയും മഹത്തായ ചരിത്രമല്ലേ നമുക്ക് ഊറ്റം കൊള്ളാനുള്ളത്.

അവര്‍ക്കെല്ലാം എന്റെ വിനീത പ്രണാമം.

അവരുടെ ഓര്‍മയ്ക്കായി ഇതാ അനശ്വരമായ ആ ഗാനത്തിന്റെ രണ്ടു വരികള്‍ ഇവിടെ കുറിക്കുന്നു...

"നിന്റെ എകാന്തമാം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ തേടും
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍...."

ഇന്നത്തേക്ക് വിട....


Thursday, December 10, 2009

10-12-2009

at 4.15 PM

അങ്ങനെ വീണ്ടും ഒരു ദിവസം കൂടി വന്നു പോകുന്നു. ഇന്ന് പതിവിലും നേരത്തെ എണീറ്റു ( എന്ന് വെച്ചാല്‍ 8 മണി ആയി കേട്ടോ). ഇന്ന് കുറച്ചു പണി ഉണ്ടായിരുന്നു. അതായത് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും എടുക്കണമായിരുന്നു. അതിനു വേണ്ട നടപടികള്‍ ഒക്കെ ഒന്ന് ശെരിയാക്കാന്‍ ഓഫീസില്‍ വന്ന പാടെ തന്നെ ഇറങ്ങി. ഫോട്ടോ ഒക്കെ എടുത്തു. എന്നിട്ട് നേരെ സിവില്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അടുത്ത മാസമേ ഇഷ്യൂ ചെയ്തു തുടങ്ങുള്ള് എന്ന് അറിഞ്ഞു. എങ്കില്‍ പിന്നെ പാസ്പോര്‍ട്ട്‌ എങ്കിലും അങ്ങ് അപ്ലൈ ചെയ്യാം എന്ന് കരുതി വന്നപ്പോളാണ് നമ്മുടെ സ്ഥിരം അസുഖം തുടങ്ങിയത് - 'മടി' - എന്ത് ചെയ്യാന്‍.. ഇത് വരെ അപ്ലിക്കേഷന്‍ പൂരിപ്പിച്ചു തുടങ്ങി പോലും ഇല്ല. ഇന്ന് ഇതിനുള്ള ഒരു റൌണ്ട് ചീത്ത വിളി ഉണ്ടാകും ഉറപ്പാണ്.

ഓഫീസില്‍ കുറച്ചു പണി ഉണ്ടായിരുന്നു. പിന്നെ അതൊക്കെ കുറച്ചു കുറച്ചു ചെയ്തു കൊണ്ട് ഇരുന്നു. ഉച്ചക്ക് വീട്ടില്‍ പോയി നല്ല മൃഷ്ടാന്ന ഭോജനം തന്നെ തട്ടി. ഉച്ച കഴിഞ്ഞപ്പോള്‍ എന്താന്നറിയില്ല ഭയങ്കര ഉറക്കവും വരുന്നു. എങ്കിലും ഞാന്‍ പിടിച്ചിരുന്നു ഉറങ്ങാതെ. ഇന്ന് വൈകിട്ട് ആശുപത്രി വരെ പോകണം. അമ്മൂമ്മ അവിടെ അഡ്മിറ്റ്‌ ആണ്. ഒരു ആഴ്ചയില്‍ മേലെയായി. ഇന്ന് അമ്മയ്ക്കാണ് നൈറ്റ്‌ ഡ്യൂട്ടി. അമ്മയെ കൊണ്ട് വിടണം അമ്മൂമ്മയോട് ഒരു ഹായ് പറയണം എന്നിട്ട് സമയം കളയാതെ തിരിച്ചു പോരും. അതാണ്‌ ഇനിയുള്ള പ്ലാന്‍.

ഇത് പറഞ്ഞപ്പോളാണ് മിനിഞ്ഞാന്ന് ഞാന്‍ ഞങ്ങളുടെ പഴയ രണ്ടു ടീചെര്‍സിനെ വിളിച്ചത് ഓര്‍ത്തത്‌. വൈകിട്ട് വെറുതെ ഇരുന്നപ്പോളാണ് ഒന്ന് വിളിച്ചേക്കാം എന്ന് വിചാരിച്ചത്. ആദ്യം ഞങ്ങളുടെ പതിനൊന്നാം ക്ലാസ്സിന്റെ ക്ലാസ്സ്‌ ടീച്ചര്‍ ബീന ടീചെരിനെയാണ് വിളിച്ചത്. കുറെ കത്തി വെച്ചു. പിന്നെ അനു ടീച്ചെരിനെയും വിളിച്ചു. അനു ടീച്ചര്‍ പന്ത്രണ്ടാം ക്ലാസ്സിന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു അന്ന്. ബോട്ടണി ആണ് വിഷയം. പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ ഒരിക്കലും മറക്കാത്ത ക്ലാസുകള്‍ ആണ്. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നോ ഞങ്ങള്‍.
അതിലെ ഒരു സംഭവം ഇപ്പോള്‍ പറയാം...

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. ഉച്ച വരെയാണ് സാധാരണ ക്ലാസ്സ്‌ ഉള്ളത്. ഞങ്ങള്‍ പിന്നെ പന്ത്രണ്ടാം ക്ലാസ്സ്‌ ആയതു കൊണ്ട് സ്ഥിരം ഉച്ച കഴിഞ്ഞു എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് ഉണ്ണാനായി ഞങ്ങള്‍ കുറച്ചു പേര് പുറത്തു പോയി. രണ്ടു മണി മുതല്‍ ആയിരുന്നു എക്സ്ട്രാ ക്ലാസ്സ്‌ പറഞ്ഞിരുന്നത്. നാല് മണി വരെ. ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കുറച്ചു താമസിച്ചു പോയി. കുറച്ചെന്ന് വെച്ചാല്‍ മൂന്നര മണി ആയി :). അപ്പുറത്തെ ഹിന്ദി ബാച്ചിലെ കുട്ടികള്‍ ഒക്കെ ക്ലാസ്സില്‍ കയറി. അവരുടെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു ഞങ്ങള്‍ക്ക് എക്സ്ട്രാ ക്ലാസ്സ്‌ എടുക്കുന്നത്. അനു ടീച്ചര്‍ അവര്‍ക്കും. ഞാന്‍ ഇത്രയും താമസിച്ചു വന്നത് കണ്ടിട്ട് അനു ടീച്ചര്‍ ഞങ്ങളുടെ ടീചെരിനോട് ഞങ്ങളെ ക്ലാസ്സില്‍ കയറ്റേണ്ട എന്ന് പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറോളം ഞങ്ങള്‍ നാല് പേര് പുറത്തു വായിനോക്കി നില്‍ക്കേണ്ടി വന്നു. നാല് പേര് എന്ന് വെച്ചാല്‍ ഞാന്‍, മെല്‍വിന്‍, അന്ജിത് പിന്നെ നിജോ. ഞങ്ങള്‍ നാല് പേര് ആയിരുന്നു ഒരു കൂട്ട്. ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞിട്ട് അനു ടീച്ചര്‍ ഞങ്ങളെ സ്റ്റാഫ്‌ റൂമിലേക്ക്‌ കൊണ്ട് പോയി. ഭയങ്കര ദേഷ്യമായിരുന്നു ടീചെരിനു. എന്നിട്ട് ടീച്ചര്‍ ഒരു ഡയറി എടുത്തിട്ട് ടീച്ചര്‍ പറയുന്നപോലെ എല്ലാവരും എഴുതി ഒപ്പിടണം എന്ന് പറഞ്ഞു. ഇതായിരുന്നു ആ വാചകങ്ങള്‍(ഇപ്പോളും അക്ഷരം പോലും മാറാതെ ഓര്‍മ ഉണ്ട് അതെല്ലാം) ; " I, Melvin Tom Varghese will not come late any more when extra class is conducted on any day" ഇങ്ങനെ അവര്‍ മൂന്നു പേരും അവരവരുടെ പേര് വെച്ചു എഴുതി ഒപ്പിട്ടു. എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ ഒരു ചെറിയ തിരുത്ത്‌ വരുത്തി ആ വാചകങ്ങളില്‍; " I, Sarath Kumar.M will come late any more when extra class is conducted on any day" ഇത് പക്ഷെ ടീച്ചര്‍ ശ്രെധിച്ചുമില്ല. ടീച്ചറിനെ പറ്റിച്ചു എന്ന ഒരു കൊച്ചു സന്തോഷത്തോടെ ഞാനും കൂട്ടുകാരും തിരികെ വീട്ടിലേക്കു പോന്നു.
ഇപ്പോള്‍ തിരിഞ്ഞു ഒന്ന് ആലോചിക്കുമ്പോള്‍ ആ ചെയ്തത് ഒക്കെ വളരെ വലിയ തെറ്റുകള്‍ അല്ലെ എന്ന് ഓര്‍ത്തു പോകുന്നു. നമ്മളെ ഇത്രയധികം സ്നേഹിക്കുകയും നമ്മുടെ നല്ലതിന് വേണ്ടി ശാസിക്കുകയും ചെയ്ത ടീചെര്മാരോട് നമ്മള്‍ ഇങ്ങനെ ഒക്കെ ചെയ്തത് അന്നത്തെ ഒരു മനോഭാവത്തില്‍ അത് ഒരു പക്ഷെ വലിയ കാര്യമായിരിക്കും. ഇന്ന് ടീച്ചറിന്റെ കയ്യില്‍ ആ ഡയറി ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ഞാന്‍ തയ്യാറാണ്. അത് ഉണ്ടാകുമോ എന്തോ.. എന്തായാലും അന്ന് ചെയ്ത ആ തെറ്റിന് ഞാന്‍ ആണ് ടീച്ചറിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു മാപ്പ് അപേക്ഷിക്കുന്നു...

Wednesday, December 9, 2009

09-12-2009

ഇന്ന് ഒരു ബുധനാഴ്ച. പതിവ് പോലെ ഓഫീസില്‍ എത്തി. ഹാ പറയാന്‍ മറന്നു പോയി. ഞാന്‍ ഇപ്പോള്‍ അച്ഛന്റെ ഓഫീസിലാണ് ഇപ്പോള്‍ എന്റെ ട്രെയിനിങ്ങിന്റെ ബാക്കി ചെയ്യുന്നത്.
പറയത്തക്ക ഒരു കാര്യവും ഉണ്ടാകാത്ത ഒരു ദിവസം ആയിരുന്നു ഇന്ന്. എങ്കിലും എന്റെ പഴയ സ്കൂള്‍ ജീവിതത്തെ ഓര്‍മിപ്പിക്കുന്ന ഒരു സംഭവം ഇന്ന് ഉണ്ടായി.
പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അതായത് ഒരു പത്താം ക്ലാസ്സു വരെ എന്നും വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു ഒരു കടയില്‍ പോകുമായിരുന്നു - Angel Cooling Palace - പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. ഒരു കൊച്ചു കടയാണ്. ഐസ് ക്രീമും ഫ്രുട്സ് സലാടും മാത്രം ഉള്ള ഒരു കൊച്ചു കട. അന്ന് ഒരു ഐസ് ക്രീമിന് മൂന്നു രൂപയോ മറ്റോ ആയിരുന്നു. എന്നും വൈക്കിട്ട് ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞിട്ട് കൂട്ടുകാരും ഒക്കെയായിട്ട്‌ ഇവിടെ വരാറുണ്ടായിരുന്നു.

ഇനി ഇപ്പോള്‍ ഇത് പറയാന്‍ ഉണ്ടായ കാരണം പറയാം. ഇവിടെ കോളേജ് റോഡില്‍ തൃവേണിയുടെ അടുത്ത് വേലു എന്ന ഒരാളുടെ ഒരു കട ഉണ്ടായിരുന്നു. നേരത്തെയൊക്കെ അവിടെ വടയും ചായയുമൊക്കെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അയാള്‍ അതെല്ലാം നിര്‍ത്തി. എന്നിട്ട് അപ്പുറത്തെ റോഡില്‍ ഉണ്ടായിരുന്ന -Angel Cooling Palace - ഇങ്ങോട്ട് കൂടി കൊണ്ട് വന്നു. ഇന്ന് വൈകിട്ടായപ്പോള്‍ ഒരു ആഗ്രഹം - അവിടെ പോയാലോ എന്ന്. അത് ഞാന്‍ ഓഫീസിലെ അനില്‍ ചേട്ടനോട് പറഞ്ഞു. ചേട്ടനും എന്നെ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ വീണ്ടും ഞാന്‍ ആ പഴയ രീതിയില്‍ അവിടെ പോയിരുന്നു ഐസ് ക്രീം കഴിച്ചു. ആ സമയത്ത് അവിടെ കൂടി ഇരുന്നു ഐസ് ക്രീം കഴിക്കുന്ന സ്കൂള്‍ കുട്ടികളെ കണ്ടപ്പോള്‍ ഞാന്‍ എന്റെ ആ കാലങ്ങളെ കുറിച്ച് ഒരു നിമിഷം ഒന്ന് ഓര്‍ത്തു പോയി.

ആ ഒരു നിമിഷത്തെങ്കിലും ഞാന്‍ എന്റെ സ്കൂളിലേക്ക് ഒന്ന് മടങ്ങിപ്പോയി. പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലമാണ് നമ്മുടെ സ്കൂള്‍ ജീവിതം. എന്ന് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നമുക്ക് കോളേജില്‍ പഠിക്കാം പക്ഷെ സ്കൂളില്‍ പഠിക്കാന്‍ പറ്റില്ല.
കുറെ നാളായി വിചാരിക്കുകയാണ് ഡയറി എഴുതി തുടങ്ങണം എന്ന്. പക്ഷെ ജന്മനാ ഉള്ള മടി കൊണ്ടാണ് ഇത്രയും കാലം വൈകിയത്. ഇന്ന് ഇപ്പോള്‍ എന്താണെന്നറിയില്ല കുറച്ചു സമയം കിട്ടി. എന്നാല്‍ അര കൈ നോക്കിയേക്കാം അല്ലെ...

ആദ്യമായി ഒരു സ്വയം പരിചയപ്പെടുത്തല്‍ നടത്താം നമുക്ക് പരസ്പരം അല്ലെ!!!

എന്റെ പേര് ശരത് കുമാര്‍. എം, ഒരു പാവം സി.എ. വിദ്യാര്‍ഥി ആണ്. നാട് പത്തനംതിട്ട എന്ന കൊച്ചു പട്ടണമാണ്. പഠിത്തം ഒഴിച്ചാല്‍ കഥകളും കവിതകളും വായിക്കുകയും എഴുതുകയും മറ്റു ചില്ലറ കൊച്ചു കൊച്ചു പരിപാടികളുമാണ് എന്റെ മുഖ്യ തൊഴിലുകള്‍. ചില്ലറ കൊച്ചു പരിപാടികള്‍ എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കേണ്ട ആവശ്യം ഇല്ല. അത് വെറുതെ ഒന്ന് ഊന്നി പറഞ്ഞു എന്നെ ഉള്ളു.